ചരിത്രം
തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന ഗർഭശ്രീമാൻ എന്നറിയപ്പെട്ടിരുന്ന സ്വാതിതിരുനാൾ മഹാരാജാവ് 1836-ൽ തിരുവനന്തപുരത്ത് തിരുവിതാംകൂർ ഗവർമെന്റ് പ്രസ്സ് എന്ന പേരിൽ ആദ്യത്തെ സർക്കാർ അച്ചുകൂടം സ്ഥാപിച്ചു. തിരുവിതാംകൂർ രാജ്യത്തിന്റെ ആധുനികവത്ക്കരണത്തിന് തുടക്കം കുറിക്കുന്ന സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു ഇത്. പഞ്ചാംഗം അച്ചടിക്കുക എന്ന പരിമിതലക്ഷ്യം മാത്രമാണുണ്ടായിരുന്നെങ്കിലും കാലാന്തരത്തിൽ സർക്കാരിന്റെ എല്ലാവിധ അച്ചടിജോലികളും ഇവിടെ നിർവ്വഹിച്ചുപോന്നു. ഈ ചെറിയ അച്ചുകുടമാണ് പിൽക്കാലത്ത് അച്ചടിവകുപ്പിന്റെ നെടുനായകസ്ഥാനം വഹിക്കുന്ന ഗവ. സെൻട്രൽ പ്രസ്സ് ആയി രൂപാന്തരപ്പെട്ടത്. തുടർന്ന് കൊച്ചി രാജ്യത്ത് എറണാകുളം ഗവ.പ്രസ്സ് 1847-ൽ സ്ഥാപിതമായി. പിന്നീട് 1901-ൽ പൂജപ്പുര സെൻട്രൽ ജയിൽ പ്രസ്സ് തിരുവിതാംകൂറിൽ സ്ഥാപിതമായി. രാജഭരണകാലത്ത് തിരുവിതാംകൂർ ഗസറ്റ്, സ്റ്റേറ്റ് മാനുവൽ മുതലായ പ്രധാനപ്പെട്ട പല പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും തിരുവിതാംകൂർ ഗവൺമെന്റ് പ്രസ്സിൽനിന്നും അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
1957-ൽ ജനായത്ത ഭരണം നിലവിൽ വന്നപ്പോൾ ഈ മൂന്നു ഗവ. പ്രസ്സുകളാണ് അച്ചടി വകുപ്പിൻകീഴിലുണ്ടായിരുന്നത്. ടെക്സ്റ്റ് ബുക്കുകൾ അച്ചടിക്കുന്നതിനായി 1960-ൽ ഷൊർണ്ണൂർ ഗവ. പ്രസ്സ് സ്ഥാപിച്ചു. തിരുവിതാംകൂർ രാജ്യത്തിന്റെ നാണയങ്ങൾ നിർമ്മിക്കുന്നതിനും മുദ്രപ്പത്രങ്ങളും സ്റ്റാമ്പുകളും അച്ചടിക്കുന്നതിനുമായി തിരുവനന്തപുരത്ത് ജനറൽ ആശുപത്രിക്ക് സമീപം സ്ഥാപിച്ച സ്റ്റാമ്പ് മാനുഫാക്ടറി റവന്യൂ വകുപ്പിന്റെ കീഴിലായിരുന്നുവെങ്കിലും 1964-ൽ അച്ചടിവകുപ്പിൻകീഴിലാക്കി. പിന്നീട് 1967-ൽ കണ്ണൂർ ഗവ. പ്രസ്സും, 1983-ൽ കോഴിക്കോട് ഗവ. പ്രസ്സും, 1984-ൽ മണ്ണന്തല ഗവ. പ്രസ്സും, 1985-ൽ വയനാട് ഗവ.പ്രസ്സും, 1994-ൽ വാഴൂർ ഗവ.പ്രസ്സും, 2001-ൽ കൊല്ലം ഗവ.പ്രസ്സും സ്ഥാപിച്ചു.
നിലവിൽ ആകെ പതിനൊന്ന് ഗവ. പ്രസ്സുകൾ അച്ചടിവകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്നു. അച്ചടിച്ച ഫാറങ്ങളും രജിസ്റ്ററുകളും സർക്കാർ പ്രസിദ്ധീകരണങ്ങളും സർക്കാർ ആഫീസുകൾക്കും സർക്കാർ പ്രസിദ്ധീകരണങ്ങൾ വിൽപ്പന നടത്തുന്നതിനുള്ള ഏജന്റുമാർക്കും പൊതുജനങ്ങൾക്കും അതതു ജില്ലകളിൽ നിന്നുതന്നെ വിതരണം ചെയ്യുന്നതിനായി അച്ചടി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി ആകെ 12 ജില്ലാ ഫോറം സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്.
തിരുവനന്തപുരം ഗവ.പ്രസ്സിനോടനുബന്ധിച്ചാണ് അച്ചടി വകുപ്പ് ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നത്. അച്ചടിയും സ്റ്റേഷനറിയും സെക്രട്ടറിയുടെ കീഴിൽ കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ (എച്ച്) വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലാണ് അച്ചടി വകുപ്പ് പ്രവർത്തിക്കുന്നത്. ഗവ. സെക്രട്ടേറിയറ്റിലെ അഡീഷണൽ/ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഡയറക്ടറാണ് വകുപ്പ് മേധാവി. ഗവ. പ്രസ്സുകളിലെ അച്ചടിയുടെയും സാങ്കേതിക കാര്യങ്ങളുടെയും മേൽനോട്ട ചുമതല ഗവ. പ്രസ്സുകളുടെ സൂപ്രണ്ടിൽ നിക്ഷിപ്തമാണ്.